Friday, January 05, 2007

തിളക്കാതെ പോയ കവിത

കണ്ടു പിടിച്ചു..!!
തിളക്കുന്ന സാമ്പാറാണ്‌ കവിത !
വായനയുടെ രസമുകുളങ്ങളില്‍ ഒരു പൊള്ളല്‍ ഒളിപ്പിച്ച സ്വാദ്!
തികച്ചും ഒതുക്കമുള്ളൊരു കൂട്ട്..
കയ്യടക്കത്തിന്റെ വേവ്.

മിക്കപ്പോഴും എന്റെ കവിതയില്‍ കായമേറും..വല്ലാതെ കയ്ക്കും.
ചിലപ്പോ
ഉപ്പു കൂടി, വിശന്നു വരുന്നവരെ വെള്ളം കുടിപ്പിക്കും.
വല്ലാണ്ടെരിവു കൂടി ലവലേശം സങ്കടമില്ലാതെ കണ്ണീരൊഴുക്കും.
എന്തു പറയാന്‍ !
അളവു പാത്രം വച്ചു തൂക്കിയെടുത്താലും എന്റെ സാമ്പാര്‍ ഇഡ്ഡലി കാണില്ല !

രുചിയേറ്റാനെന്തൊക്കെ നോക്കി..
വ്യാകരണത്തിന്റെ പൊതിയാത്തേങ്ങയരച്ചു..
കലഹത്തിന്റെ കടുകു വറുത്തു..
വിരഹത്തിന്റെ പുളിയും,
തത്തമ്മ-തത്വ കറിവേപ്പിലയും ചേര്‍ത്തു.
നേരം വെളുത്തു കലം നോക്കുമ്പോള്‍..
നിറമുള്ള വെള്ളത്തില്‍ നിറയെ വികാരങ്ങള്‍..
സാമ്പാറു മാത്രമില്ല!

പിന്നെപ്പോഴോ ആരോ പറഞ്ഞു..
വേവു ചേരാന്‍ അടുപ്പു കത്തണമെന്ന് !
തീക്കൊള്ളി അവന്റെ വീട്ടില്‍ നിന്നെടുക്കുമോ?
ധിക്കാരി!

--------------------------------
ആശയം : കത്രീന
ആത്മാവിഷ്ക്കാരം : പൊന്നപ്പന്‍
‍കടപ്പാട് : "ഭൂ"ലോകര്‍

(പൂര്‍ണമായും 50-50 അനുപാതത്തില്‍ കത്രീനയും പൊന്നപ്പനും പറഞ്ഞുണ്ടാക്കിയ സാമ്പാര്‍ ! )

Friday, September 29, 2006

ഒന്നര ഹൈക്കു

ഒരൊന്നൊന്നര കവിത തുടങ്ങി..
ബാക്കിയാവുന്ന അരക്കവിതയെ ഓര്‍ത്തു.. തിരികെ മടങ്ങി!

Friday, September 22, 2006

പൂച്ച അഥവാ ഒരു നിരപരാധിയുടെ മ്യാവൂ..


പ്രിയപ്പെട്ടവരേ,

നിഷേധിക്കപ്പെട്ടവന്റെ ആത്മനൊമ്പരമാണു ഈ കുറിപ്പ്.
എന്റെ സഹബ്ലോഗിനിയായ കത്രീന ചേട്ടത്തി എനിക്കു ഷോകോസ് നോട്ടീസ് തരുമെന്നു ഭീഷണിപ്പെടുത്തി.
വെറുമൊരു കാവ്യക്കൊലക്കേസാണു കാര്യം.!
കാശിനാവശ്യം വന്നപ്പോ ഞങ്ങളുടെ പത്തായത്തില്‍ നിന്നു ഞാന്‍ ഒരു കവിത മോട്ടിച്ചു വേറൊരു സഹബ്ലോഗറിനു വിറ്റു.. അതൊരു തെറ്റാണോ..?
എന്തായാലും " സ്വന്തമായിട്ടെന്തേലും കുന്തം ഒണ്ടാക്കിയിട്ട് ഇനി തറവാട്ടില്‍ കേറിയാ മതി" എന്ന ഉഗ്രശാസനത്തിന്റെ പേരില്‍ ഞാന്‍ ഈ കടുംകൈ ചെയ്യുന്നു. പൊറുക്കുക.
ഇതെന്റെ സ്വന്തം . ! കോപ്പി ലെഫ്റ്റെട്. പ്രൂഫ് കയ്യിലുണ്ട് .
പോസ്റ്റല്‍ ചാര്‍ജ് തന്നാല്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുന്നതാണ്.


സമര്‍പ്പണം: "ആകാശ ചരിവിലാരോ കുരുതി കിണ്ണം തട്ടി മറിച്ചൂ" എന്ന മഹാകാവ്യത്തിന്റെ സ്രഷ്ടാവിനു ഞാന്‍ ഈ കാവ്യകല്ലോലിനി സമര്‍പ്പിച്ചു കൊള്ളുന്നു...

പൂച്ച

തലയില്‍ ഒരിച്ചിരി വെളിച്ചം നിറച്ചെന്റെ
വഴിയില്‍ നടക്കുന്നു പൂച്ച..
ചിരിക്കുന്ന പൂച്ച.. ചിലക്കാത്ത പൂച്ച..
ഒരാകാശമുള്ളില്‍ ചുമക്കുന്ന പൂച്ച...

തലയില്‍ നിലാവിന്റെ സ്വപ്നങ്ങളേറ്റിയീ
വഴിയില്‍ ഒരേയൊരു പൂച്ച..
ഒരു *പോമെറേനിയന്‍ പൂച്ച.!

കടലിന്നിരമ്പം .. കുടലിന്നിരമ്പം ..
കഥ മാറ്റിയെഴുതുന്ന കവി തന്റെ നോവ്..
ഒരു വെടിയൊച്ച.. ഒരു കിളിയൊച്ച..
എരിവേറി നിറയുന്ന കണ്ണീര്‍ക്കണങ്ങള്‍ ..

ചിരിക്കാത്ത പൂച്ചകള്‍ ചിലക്കാന്‍ തുടങ്ങീ..
ചിലപ്പിന്റെയുള്ളില്‍ വെറുപ്പിന്റെ സാമ്പിള്‍ ..
ചിരിക്കുന്നുവോ മ്യാവൂ.. ധിക്കാരി മ്യാവൂ...
നമുക്കിതു മ്യാവൂ...സഹിക്കില്ല മ്യാവൂ...

ചിരിയല്ല കാര്യം.. കളിയല്ല കാര്യം...
ഇതു വര്‍ഗ്ഗ ബോധം .. പ്രതി പരിഹാസം..
കടലിന്റെ ചാരേ.. കവി പാടി നിന്നൂ..
എരിവെറിയല്ലോ.. കിളി ഫ്രൈക്കു പൊന്നേ...

കടല്‍ക്കാക്കകള്‍ പാടി.. കോറസ്സുയര്‍ന്നൂ..
"കടല്‍ക്കാക്ക ഫ്രൈക്കെന്നുമെരിവാണു ബെസ്റ്റ്.."
എരിവെന്റെയാത്മാവിനെരിവെന്റെ മാംസത്തി-
നറിയുന്നതില്ല അതുമെന്റെ രസന...

ചിരി മാറി മെല്ലെ.. വഴി മാറി പൂച്ച..
അറിവെന്റെയെന്നാല്‍ ചിരിയല്ല നേര്..
തലയില്‍ വെളിച്ചം ബ്ലാങ്കറ്റ് മൂടി..
ഒഴിവായി പൂച്ച.. ഇനി കട്ടു തീറ്റ..

അതി കാലെ വീട്ടില്‍ അമ്മച്ചി പ്രാകി..
"കഴുവേറി പൂച്ച.. കലമൊന്നു പൊട്ടി.."
അതി കാലെ റോഡില്‍ ഒരു ജാഥയെത്തി..
"എവിടെ ധിക്കാരി..? ചിരി കാണ്മതില്ല...!"

അതി കാലെ കടലിന്റെ അരികത്തു യോഗം..
"ഇനി രക്തസാക്ഷി ഞാന്‍ .. എവിടെന്റെ പാത്രം .."
അതി കാലെ.. വീണ്ടും വഴിയോരമൊന്നില്‍
ഉറങ്ങുന്നു പൂച്ച.. ഒരു നല്ല പൂച്ച...

ps: "പൂച്ച നല്ല പൂച്ച.. വൃത്തിയുള്ള പൂച്ച... പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു...!!!"

*പ്ലീസ് നോട്ട്: പോമറേനിയന്‍ പൂച്ച എന്നെഴുതിയതു ഒരു പ്രാസത്തിനാണ്.. ആക്ച്വലി ചെഷയര്‍ പൂച്ച എന്നാണു കവി ഉദ്ദേശിക്കുന്നത്.

എന്ന് അന്യഗ്രഹ ജീവിയെങ്കിലും ആത്മാഭിമാനമുള്ള പൊന്നപ്പന്‍!

Monday, September 18, 2006

ഒരു പോക്കാച്ചി വീരഗാഥഒറ്റക്കൊരു പൊന്തക്കാട്ടില്‍ ഒരു മൊന്ത വെളിച്ചം മോന്തി
ഇരുളിന്റെ ചിലങ്കയുമായിട്ടൊരു പൊണ്ണത്തവള കലമ്പീ..

പേക്രോം പോക്രോം .. തക തക പേക്രോം പോക്രോം ..!!
പേക്രോം പോക്രോം .. തിന്തക പേക്രോം പോക്രോം ..!!

വെളിവില്ലാ വെള്ളം പോലും മഴയായിയൊതുങ്ങിയൊരുങ്ങി
മരമായ മരങ്ങളിലൊക്കെ മിനു മിന്നണ തുള്ളികള്‍ ഞാന്നു
പുതു മണ്ണിന്‍ പെര്‍ഫ്യൂമുകളില്‍ കുഴിയാനകള്‍ ചന്തം കൂട്ടി
ഇലനാരുകള്‍ കാറ്റുകള്‍ ചുറ്റി ഇടവഴികള്‍ തെണ്ടി നടന്നു

പേക്രോം പോക്രോം .. ജും തക പേക്രോം പോക്രോം ..!!
പേക്രോം പോക്രോം .. തക തൈ പേക്രോം പോക്രോം ..!!

ഇടി - വെട്ടാന്‍ കോടാലിയുമായ് ഇടി വളരും കാട്ടിന്നുള്ളില്‍
വഴി തെറ്റിയലഞ്ഞൊരു വേടന്‍ വയര്‍ പിളരെ പാട്ടുകള്‍ പാടി..
ഇടിവേരുകള്‍ മാന്തിയടുക്കി.. തടി കൊട്ടി താളം കൂട്ടി..
മഴയത്തിരുളുരുളുകള്‍ പൊട്ടി.. മദായനകള്‍ ചിന്നം കൂക്കി.!

പേക്രോം പോക്രോം .. താതിത്തകതക പോക്രോം ..!!
പേക്രോം പോക്രോം .. തക ധിമി പേക്രോം പോക്രോം ..!!

അലറലറി തിരകളുണര്‍ ന്നു പുഴകളിലെ കടലുകളെത്തി
അലയേന്തിപ്പുലരിയുമെത്തി പല ചാലുകള്‍ വെട്ടമൊലിച്ചു
തിരമാലകള്‍ വേലികളേറി നുര തുപ്പി തീരമണഞ്ഞു..
പല താളം തീരത്താളം പല കോടി പ്രാന്തന്‍ താളം

ധും തക തക ധും തക തക ധും തക ധും തക ധും തക (15)

കവിള്‍ നിറയെ കഥകളുമായി കരിമേഘപ്പെരുമഴ തുടരേ
പെരുവഴിയുടെ ഹാങ്ങോവറുകളില്‍ ഒരു തവള മലച്ചു കിടപ്പൂ..

പേക്രോം ... .. സമയമാം .. പോക്രോം ..
രഥത്തില്‍ ഞാന്‍ .. പേക്രോം സ്വര്‍ ഗയാത്ര ....... ധും തക.. തക .. ധും !

<: രാത്രി മോന്തിയ വെളിച്ചത്തില്‍ മായം ഉണ്ടയിരുന്നു എന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെടുകയുണ്ടായി >

ഈ കവിതക്കു ശേഷം ഒരു നിമിഷം മൌനം ആചരിക്കുക !
അതിനു ശേഷം അഖിലലോക പോക്കച്ചികളോടുള്ള ഈ ഐക്യധാര്‍ഢ്യ പ്രതിജ്ഞ ഉറക്കെ ചൊല്ലുക..

പോകുക പോകുക പൊക്കാച്ചികളേ.. നേരമുദിക്കും ദിക്കുകള്‍ തേടി..
നീരു വിതക്കും നേരുകള്‍ കൂക്കാന്‍ പോകുകയെന്നും മുന്നോട്ട്..
ലക്ഷം ലക്ഷം പിന്നാലെ.. പേക്രൊം പോക്രൊം പിന്നാലെ...