Friday, January 05, 2007

തിളക്കാതെ പോയ കവിത

കണ്ടു പിടിച്ചു..!!
തിളക്കുന്ന സാമ്പാറാണ്‌ കവിത !
വായനയുടെ രസമുകുളങ്ങളില്‍ ഒരു പൊള്ളല്‍ ഒളിപ്പിച്ച സ്വാദ്!
തികച്ചും ഒതുക്കമുള്ളൊരു കൂട്ട്..
കയ്യടക്കത്തിന്റെ വേവ്.

മിക്കപ്പോഴും എന്റെ കവിതയില്‍ കായമേറും..വല്ലാതെ കയ്ക്കും.
ചിലപ്പോ
ഉപ്പു കൂടി, വിശന്നു വരുന്നവരെ വെള്ളം കുടിപ്പിക്കും.
വല്ലാണ്ടെരിവു കൂടി ലവലേശം സങ്കടമില്ലാതെ കണ്ണീരൊഴുക്കും.
എന്തു പറയാന്‍ !
അളവു പാത്രം വച്ചു തൂക്കിയെടുത്താലും എന്റെ സാമ്പാര്‍ ഇഡ്ഡലി കാണില്ല !

രുചിയേറ്റാനെന്തൊക്കെ നോക്കി..
വ്യാകരണത്തിന്റെ പൊതിയാത്തേങ്ങയരച്ചു..
കലഹത്തിന്റെ കടുകു വറുത്തു..
വിരഹത്തിന്റെ പുളിയും,
തത്തമ്മ-തത്വ കറിവേപ്പിലയും ചേര്‍ത്തു.
നേരം വെളുത്തു കലം നോക്കുമ്പോള്‍..
നിറമുള്ള വെള്ളത്തില്‍ നിറയെ വികാരങ്ങള്‍..
സാമ്പാറു മാത്രമില്ല!

പിന്നെപ്പോഴോ ആരോ പറഞ്ഞു..
വേവു ചേരാന്‍ അടുപ്പു കത്തണമെന്ന് !
തീക്കൊള്ളി അവന്റെ വീട്ടില്‍ നിന്നെടുക്കുമോ?
ധിക്കാരി!

--------------------------------
ആശയം : കത്രീന
ആത്മാവിഷ്ക്കാരം : പൊന്നപ്പന്‍
‍കടപ്പാട് : "ഭൂ"ലോകര്‍

(പൂര്‍ണമായും 50-50 അനുപാതത്തില്‍ കത്രീനയും പൊന്നപ്പനും പറഞ്ഞുണ്ടാക്കിയ സാമ്പാര്‍ ! )

17 comments:

പൊന്നപ്പന്‍ - the Alien said...

തിളക്കുന്ന സാമ്പാറാണ്‌ കവിത !

വിഷ്ണു പ്രസാദ് said...

തേങ്ങാക്കുലയാണ് കവിത.അലങ്കാരങ്ങളുടെ തൊണ്ടും താളത്തിന്റെ ചിരട്ടയും വിചാരങ്ങളുടെ
കാമ്പും വിചാരങ്ങളുടെ ജലവും ചേര്‍ന്ന തേങ്ങ.
കവിത കുന്തമാണ്. അനുവാചകന്റെ ഹൃദയത്തിനുനേരേ പാഞ്ഞു വരുന്ന കുന്തം.
സാമ്പാറെങ്കില്‍ സാമ്പാറ് ...നന്ദി.

സ്വപ്നം swapnam said...

ഒരു മനുഷ്യന്റെ മന‍സ്സിന്റെ വിഷമം കയ്ക്കുന്ന കായം,സമ്മതിച്ചു...... അതുചേര്‍ത്തു എന്തുണ്ടാ‍ക്കിയാലും കയ്ക്കും‍...ആ കയ്പ്പ് ചിലരുടെ അനുപാതത്തിന്റെ ഏറ്റകുറച്ചിലുകൊണ്ടും, സ്നേഹമാകുന്ന തീ കത്തിക്കാന്‍ മറന്നു പോയതുകൊണ്ടും, സാമ്പാറിനു പകരം വെറും പുളിവെള്ളംആയിപ്പോയി, സുഹ്രുത്തെ ഇത്ര നല്ല ഒരു ജീവിതത്തിന്റെ ഒരു അംശത്തെ, ഇത്ര കണ്ട് അവഹേളിക്കണോ???‍

sandoz said...

ലോനപ്പാ,
ഒന്നും മനസ്സിലായില്ലെങ്കിലും താങ്ങിയ താങ്ങ്‌ കാണാതെ പോകുന്നത്‌ എങ്ങനെ.ഇനി തീക്കൊള്ളി ഞങ്ങള്‍ എടുക്കണോ.[ലോനപ്പന്റെ ഒരു കാര്യം]

Ambi said...

പൊന്നപ്പാ
വായനയുടെ രസമുകുളങ്ങളില്‍ ഒരു പൊള്ളല്‍ ഒളിപ്പിച്ച സ്വാദ് നന്നായി ..

പറഞ്ഞുപഴകിയ ബിംബങ്ങളിലേയ്ക്ക് തന്നെ തുറന്നിരിയ്ക്കുന്ന മറ്റൊരു കണ്ണാടി..കവിതയുടെ പുതുമേഖലകള്‍ ചീന്തേരിട്ടേടുക്കുമ്പോഴുള്ള മരച്ചീളുകള്‍ കൂട്ടിവച്ചാലും കത്തിയ്ക്കാനുള്ള വിറകായി.

സാമ്പാറോ പുളിവെള്ളമോ വിഷ്ണുമാഷ് പറഞ്ഞതുപോലെ തേങ്ങാക്കുലയോ കുന്തമോ എന്ത് വസ്തുക്കളുമാവട്ടേ ജീവിതവുമായി കൂട്ടിവയ്ക്കുമ്പോള്‍ ഒരു തുള്ളി വേര്‍പ്പിനും പോന്ന സ്വാദുണ്ടെങ്കിലതെങ്ങനെ അവഹേളനമാകും സ്വപ്നമേ?

വാക്കുകളിലൂടെ -അതിലൂടെ മാത്രം-വിനിമയം ചെയ്യുന്ന അര്‍ത്ഥാന്തരങ്ങള്‍ എന്തൊക്കെയാണെന്ന്
ചുരുങ്ങിയ പക്ഷം ഇത്തരം വായനകളിലെങ്കിലും ഒഴിവാക്കേണ്ടതുണ്ട്..

ദാലിയുടെ അല്ലെങ്കില്‍ പിക്കാസോയുടെ ദൃശ്യ-വര്‍ണ്ണ ബിംബങ്ങളെ , വാന്‍ ഗോഗിന്റെ യഥായഥം എന്ന് തോന്നിപ്പിയ്ക്കുന്ന ചിത്രീകരണ രീതിയിലൊളിഞ്ഞിരിയ്ക്കുന്ന അറിവുകളെ അനുവാചകനെ മാറ്റിവച്ച് യാന്ത്രികമായ സങ്കേതങ്ങളിലൂടെ അറിയാന്‍ ശ്രമിച്ചാല്‍ എന്താവും ഫലം?

നല്ലൊരു അനുഭവമാവേണ്ടുന്ന ഒന്നിനെ -ബുദ്ധിയുടെ തലത്തില്‍ വച്ച് മതിലുകെട്ടേണ്ടി വരും...
അത്തരം മതിലുകെട്ടലുകളില്‍ ചരിത്രപരമായിത്തന്നെ, സാമൂഹ്യതാല്‍പ്പര്യങ്ങളുടെ ജീര്‍ണ്ണത (അതോ പുതുമയോ) കാണാ‍ന്‍ ബുദ്ധിയുടെ തെളിച്ചം മാത്രം പോര..മനസ്സിലാക്കലുകളുടെ നൈരന്തര്യങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകാനുള്ള ബോധവുമുണ്ടാകണം.

(ഇത്രയും ഇപ്പോഴത്തെ ഒരു ബൂലോക ഫാഷനനുസരിച്ചെഴുതിയതാണ്..:)ഇനി കാര്യം)


അതായത് ഈ കവിതയെന്നാല്‍ എന്തെങ്കിലുമായാല്‍ നമുക്കെന്താ? അവരവര്‍ അവരവര്‍ക്കിഷ്ടപ്പെട്ടതുപോലെ കവിത പറയും..ചിലര്‍ക്ക് മരണത്തില്‍ നിന്ന് രക്ഷപെടാനുള്ള ഒന്നായിരിയ്ക്കും കവിത..ചിലര്‍ക്ക് ഒരു പൊറോട്ടയോടൊപ്പമുള്ള എരിവുള്ള കടലക്കറി..രണ്ടായാലും കൊള്ളാം..ആര് എന്തിനെയവഹേളിച്ചെന്നാ സ്വപ്നം പറയുന്നേ..

കുറെ നാളായി കവിതയെ മതത്തെപ്പോലെ പറയുന്ന-കാണിയ്ക്കുന്ന- ഒരു പ്രവണത കാണുന്നു..

കവിതയെ ചമ്മന്തിയാക്കാന്‍ പാടില്ല, കവിതയെ കാളയെന്ന് വിളിച്ചു..

കവിത പിന്നെയെന്താണ്? നെയ്പ്പായസമെന്നോ,ദാര്‍ശനിക മണിയെന്നോ ഒക്കെ വിളിച്ചാലേ കവിതയ്ക്ക് ഒരു ഗംഭീരതയുണ്ടാകുകയുള്ളോ?

എന്താണിത്..പലതിനും വ്യക്തമായ അജണ്ടകളുണ്ട് എന്ന് പറയുന്നതു പോലെതന്നെ..ഈ കവിതയുടെ ഉദാത്തവല്‍ക്കരണത്തിനും അജണ്ടകളുണ്ടോ..

പുള്ളി said...

"വേവു ചേരാന്‍ അടുപ്പു കത്തണമെന്ന്‌. തീക്കൊള്ളി അവന്റെ വീട്ടില്‍ നിന്നെടുക്കുമോ?"
ആശയം: കത്രീന.
അപ്പോള്‍ കത്രീനയാണ്‌ പൊന്നപ്പന്റെ പ്രോമിത്യൂസ്‌ അല്ലെ?

gopalmanu said...

വിഷ്ണുവിണ്റ്റെ കമണ്റ്റാണു കലക്കിയതു..തേങ്ങാ കുലയാണു കവിത..വായനക്കാരനതു കുന്തവും..... ഹ ഹ ഹ

നിങ്ങള്‍ പുലികള്‍ എന്നെ മൈന്‍ഡ്‌ ചെയ്യാത്തതില്‍ സങ്കടം തീറ്‍ക്കാന്‍ ബ്ളോഗപ്പന്‍ കോവിലില്‍ ഒരുപാടു തേങ്ങകല്‍ കുലയായും അല്ലാതെയും ഉടച്ചിട്ടുണ്ട്‌ കേട്ടൊ

jeevitharekhakal.blogspot.com

വിവി said...

കല്ലന്‍ പരിപ്പിട്ട സാമ്പാര്‍ ഇന്നാണ് കഴിക്കാന്‍ തരായത്.
നന്നായിട്ടുണ്ട്. നല്ല രുചി.

വിവി

സുല്‍ | Sul said...

പൊന്നപ്പാ ഇതെന്നപ്പ?

-സുല്‍

പി. ശിവപ്രസാദ് said...

വായ്പയെടുത്തതിന്‌ ജാമ്യം നിന്നവരുടെ വിരല്‍മുദ്രയും, പച്ചക്കറി തൂക്കിവാങ്ങുമ്പോള്‍ ഐസ്ക്രീം നുണഞ്ഞ കൊച്ചന്റെ ചിരിയും, ഓട്ടോറിക്ഷയില്‍ക്കേറുമ്പോള്‍ കണ്ണടിച്ചുകാണിച്ച ചേട്ടന്റെ ശൃംഗാരമാനിയയും ഒക്കെയൊക്കെ ശതമാനക്കണക്കിന്‌ ചേര്‍ത്തെന്ന്‌ പറയുന്നതെന്തിനാ പൊന്നപ്പാ? ഒരു കവിത എഴുതി സ്വന്തം ബ്ലോഗിടത്തില്‍ പതിക്കുന്നതിനും ജാമ്യക്കാര്‍ വേണമെന്നായോ? കവിതയുടെ 'ആകെത്തിളയ്ക്കുന്ന' പുതുമ എനിക്ക്‌ ഇഷ്ടപ്പെട്ടു.)

വിഷ്ണുവിന്റെ തേങ്ങാക്കുല മറ്റാളുകള്‍ക്ക്‌ മാങ്ങാക്കുലയും മുന്തിരിക്കുലയും ചമ്മന്തിയും മുരിങ്ങയിലത്തോരനും ചിലപ്പോള്‍ ചന്യായവുമാകുന്നത്‌ സ്വാഭാവികം. അതുതന്നെയാണ്‌ പുതിയ രചനകള്‍ അനുവദിക്കുന്ന 'ബഹുകല്‍പ്പനാ സ്വാതന്ത്ര്യം', അല്ലാതെ പറഞ്ഞാല്‍ 'ബഹുസ്വരത'! ഓരോരുത്തരുടെയും ഭാവനയും അനുഭവവും അതാതിന്റെ നിലയില്‍ (എട്ടുനിലയില്‍) പൊട്ടിവിരിയട്ടെ.

പിന്നെ... കവിതയെക്കുറിച്ചുള്ള 'സൈദ്ധാന്തിക വിശകലനം' ഞാനും പൊന്നപ്പനുമായുള്ള ഒത്തുതീര്‍പ്പിനു ശേഷം ഇപ്പോള്‍ അംബിയുടെ കോര്‍ട്ടിലെത്തി നില്‍ക്കുകയാണ്‌. ആര്‍ക്കും ഏറ്റെടുക്കാം. കത്തിക്കം. എനിക്കിത്തിരി ജോലികള്‍ ബാക്കിയുണ്ട്‌. പിന്നെക്കാണാം, കേട്ടോ!

പൊന്നപ്പന്‍ - the Alien said...

വിഷ്ണു മാഷേ.. ങ്ങളാണ്‌ ആസ്ഥാന വായകന്‍ ! കത്രീനേം സമ്മതിച്ചു.

സ്വപ്നമേ.. കരയണ്ടാട്ടോ.. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ.. ജീവിതത്തിന്റെ സുന്ദരമായ അംശങ്ങളൊന്നും ഞാന്‍ തെറി പറഞ്ഞാല്‍ ഓടിപ്പോവില്ല.(ഞാന്‍ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ !)

സാന്‍ഡോസ്, എന്നെ ലോനപ്പാന്നു വിളിച്ചാല്‍ ലോനപ്പന്റെ കയ്യില്‍ നിന്നും എന്റെ കയ്യില്‍ നിന്നും ഇരുട്ടടി കിട്ടും. കട്ടായം. പിന്നെ പഴയ തീപ്പെട്ടി, തീപ്പെട്ടിക്കൊള്ളി, തീപ്പെട്ടിപ്പടം, സാദാ അടുപ്പ്, ഗ്യാസടുപ്പ്, പരിഷത്തടുപ്പ്, തുടങ്ങി തീയുമായി ബന്ധപ്പെട്ട എന്തുണ്ടേലും ഞാനെടുത്തോളാം. പുറം ചൊറിയാന്‍ പാകത്തിനുള്ള തീക്കൊള്ളികള്‍ക്കു ബൂലോഗത്തിപ്പൊ നല്ല മാര്‍ക്കറ്റാ.. ഒരു ബിസിനസ്സു തുടങ്ങിയാലോന്നാലോചിക്കുവാ..

അംബിയണ്ണോ, എന്തരണ്ണോ ഇത്? ദാലി, പിക്കാസോ, വാന്‍ഗോഗ്..!!
ദെറിദയും നീഷേയും ശ്രീനാരായണ ഗുരുവും എന്നൊക്കെ തുടരുമെന്നു കരുതി. അടുത്ത തവണത്തേക്കു മാറ്റി വച്ചേക്കുവാണോ? തല്ലു കൂടാന്‍ ആളില്ലാണ്ടു പോയി. ആകെയുണ്ടായിരുന്ന ശിവപ്രസാദ് മാഷാണേല്‍ ഇപ്പൊ സമയമില്ലാന്നു പറഞ്ഞേച്ചു പോവേം ചെയ്തു. ഒരു കാര്യം ചെയ്യു. അണ്ണന്‍ തന്നെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ കമന്റിട്ടു ഒരു ചര്‍ച്ച പണിയു. ഏതേലും അനോണി മാഷമ്മാരു ഏറ്റെടുത്തോളും

പുള്ളീ, പതിയെ പറയ്. കത്രീന കേള്‍ക്കണ്ട. അല്ലേലെ പുള്ളിക്കാരിക്കിത്തിരി ഗമയാ.

മനു, എന്നെ പുലിയെന്നു പറഞ്ഞതെനിക്കു സുഖിച്ചു. പ്രിഫിക്സ് ആയി കഴുതയെന്നൊന്നുമില്ലല്ലോ? :)

വിവീ, ചിരിപ്പിച്ചു കൊന്നിട്ടിപ്പോ സാമ്പാറു കുടിക്കാനിറങ്ങിയേക്കുവാണല്ലേ.. ഇതിനൊക്കെ ദൈവം ചോദിക്കും !

സുല്ലപ്പാ... ഇതു സുമ്മാതപ്പാ..

ശിവപ്രസാദ് മാഷേ, കണക്ക് പറയേണ്ടിടത്തൊക്കെ പറയണം!
ഇതത്ര ആധുനിക സാമ്പത്തിക ശാസ്ത്രമൊന്നുമല്ല. പഴയതു തന്നാ..

പച്ചാളം said...

കണ്ടില്ല ഉണ്ണീ കണ്ടില്ലാ
മനസ്സിലിങ്ങനെ സാമ്പാറ് കൂട്ടങ്ങള്‍ ഇളകി മറിയുന്നത് ഞാനറീഞ്ഞില്ലല്ലോ..

പൊന്നപ്പാ, നീയാണ്ട്രാ മോനേ...

(ഈ വിഷ്ണുമാഷ് :)

Peelikkutty!!!!! said...

രാവിലെ തന്നെ ചമ്മന്തീം സാമ്പാറും കിട്ടി.ഇനി ദോശ എവിടെ ങ്കിലുമുണ്ടൊ ന്നു തപ്പട്ടെ!:)

സു | Su said...

ഗോബി മഞ്ചൂരിയന്‍ ആണ് കവിത.

വാക്കുകളാകുന്ന മൈദയിലും കോണ്‍ഫ്ലോറിലും പുതഞ്ഞെടുക്കണം.

അല്പം സോയ സോസ് പുതുവാക്കായ് നിറയ്ക്കണം.

ചിന്തയാകുന്ന എണ്ണയിലിട്ട് പൊരിക്കണം. ചിന്ത കൂടുന്നതിന് അനുസരിച്ച് കരുകരുപ്പ് കൂടും.

സവാളയും, പച്ചമുളകും, വെളുത്തുള്ളി, ഇഞ്ചി, എന്നിവ പൊടിപ്പും തൊങ്ങലും ആവട്ടെ.

എല്ലാം കൂടെ യോജിപ്പിച്ച് വായിക്കുന്നവരുടെ ലേബലായ് മല്ലിയില വിതറുമ്പോള്‍ കവിത റെഡി.

ചിലര്‍ സ്നേഹത്തോടെ കൈകൊണ്ട് പതുക്കെ വായിലിടും.

ചിലര്‍ ഫോര്‍ക്ക് കൊണ്ട് കുത്തിനോവിക്കും.

ചിലര്‍ ചൂടോടെ വായിലിട്ട് സ്വാദറിയാതെ മിഴിച്ച് നില്‍ക്കും.

ചിലര്‍ പതുക്കെപ്പതുക്കെ അലിയിച്ച് തിന്ന് എന്തൊരു സ്വാദെന്ന് മധുരമായ് മൊഴിയും.

(പൊന്നപ്പാ, നീണ്ട കമന്റിന് ക്ഷമിക്കൂ.)

സാമ്പാര്‍ നന്നായി. ഇനി വിറകില്ലെങ്കിലും, മണ്ണെണ്ണസ്റ്റൌവിലെങ്കിലും വെക്കണം. :)

കൂടോത്രം കത്രീന said...

പൊന്നപ്പാ.. നീ വീണ്ടും ചതിച്ചല്ലേ ! സംയുക്തകവിത എഴുതാനെന്റെ കാലു പിടിച്ച് ഐഡിയ വാങ്ങിപ്പോയിട്ടിപ്പോ, ഞാന്‍ വെറും ജാമ്യക്കാരിയായി അല്ലേ.. എന്നെ തല്ലിയാല്‍ മതിയല്ലോ.. ഇനിയിങ്ങു വാ തീപ്പെട്ടി, മണ്ണെണ്ണ എന്നൊക്കെ പറഞ്ഞ്.. അപ്പോ കാണാം.

അംബീ, സാമ്പറിലെ തിളച്ചു മറിയുന്ന കഷ്ണങ്ങള്‍ പോലെ ചിതറി പൊയ ചിന്തകള്‍ ആയിരുന്നു എന്റേത്. പച്ചക്കറി തോട്ടത്തിന്റെ ഓര്‍മകളില്‍ നിര്‍ന്നിമേഷയായി നോക്കി നിന്ന എന്റെ തക്കാളി കുട്ടികളിലൊന്നു ചീഞ്ഞതാണെന്നു ഒരാസ്വാദക പറഞ്ഞാല്‍, അത് അവരുടെ സ്വാതന്ത്ര്യം.
(ഇത്രയും ഇപ്പോഴത്തെ ഒരു ബൂലോക ഫാഷനനുസരിച്ചെഴുതിയതാണ്..:)ഇനി കാര്യം)
കവിത മതമാണോ അല്ലാതിരിക്കണോ എന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതനുസരിച്ച് മറ്റുള്ളവരെ അവരനുസരിപ്പിക്കാന്‍ പാടില്ലാ എന്നതു പോലെ തന്നെ പ്രധാനമാണ്‌ അവരെ അനുസരിപ്പിക്കാനായി ബുദ്ധിജീവിസഞ്ചിയുമായി ഇറങ്ങരുതെന്നതും.! ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌. വ്യക്തിഹത്യയല്ലാ.. :)

Pramod.KM said...

ഹഹ
അപ്പോള്‍ നിങ്ങളെ ഞാന്‍ അവസാനം കണ്ടുപിടിച്ചു മച്ചൂ...ഇനി അനൊമണി ആരാണെന്ന് കണ്ടു പിടിക്കണം.സാമ്പാറില്ലെങ്കിലും വേണ്ടില്ല,വിശപ്പടക്കാന്‍ എന്തുണ്ട്?

Manu said...

അപ്പോള്‍ അതാണ് പ്രശ്നം...
ഈ തീയും കനലും ഒക്കെ ചെലരു മൊത്തവെലക്കെടുത്തു വച്ചേക്കുവല്ലേ...

ഒരു സംശയം... ഈ മൈക്രോവേവ് oven വച്ചു വല്ലോം നടക്കുവോ??