Friday, September 22, 2006

പൂച്ച അഥവാ ഒരു നിരപരാധിയുടെ മ്യാവൂ..


പ്രിയപ്പെട്ടവരേ,

നിഷേധിക്കപ്പെട്ടവന്റെ ആത്മനൊമ്പരമാണു ഈ കുറിപ്പ്.
എന്റെ സഹബ്ലോഗിനിയായ കത്രീന ചേട്ടത്തി എനിക്കു ഷോകോസ് നോട്ടീസ് തരുമെന്നു ഭീഷണിപ്പെടുത്തി.
വെറുമൊരു കാവ്യക്കൊലക്കേസാണു കാര്യം.!
കാശിനാവശ്യം വന്നപ്പോ ഞങ്ങളുടെ പത്തായത്തില്‍ നിന്നു ഞാന്‍ ഒരു കവിത മോട്ടിച്ചു വേറൊരു സഹബ്ലോഗറിനു വിറ്റു.. അതൊരു തെറ്റാണോ..?
എന്തായാലും " സ്വന്തമായിട്ടെന്തേലും കുന്തം ഒണ്ടാക്കിയിട്ട് ഇനി തറവാട്ടില്‍ കേറിയാ മതി" എന്ന ഉഗ്രശാസനത്തിന്റെ പേരില്‍ ഞാന്‍ ഈ കടുംകൈ ചെയ്യുന്നു. പൊറുക്കുക.
ഇതെന്റെ സ്വന്തം . ! കോപ്പി ലെഫ്റ്റെട്. പ്രൂഫ് കയ്യിലുണ്ട് .
പോസ്റ്റല്‍ ചാര്‍ജ് തന്നാല്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുന്നതാണ്.


സമര്‍പ്പണം: "ആകാശ ചരിവിലാരോ കുരുതി കിണ്ണം തട്ടി മറിച്ചൂ" എന്ന മഹാകാവ്യത്തിന്റെ സ്രഷ്ടാവിനു ഞാന്‍ ഈ കാവ്യകല്ലോലിനി സമര്‍പ്പിച്ചു കൊള്ളുന്നു...

പൂച്ച

തലയില്‍ ഒരിച്ചിരി വെളിച്ചം നിറച്ചെന്റെ
വഴിയില്‍ നടക്കുന്നു പൂച്ച..
ചിരിക്കുന്ന പൂച്ച.. ചിലക്കാത്ത പൂച്ച..
ഒരാകാശമുള്ളില്‍ ചുമക്കുന്ന പൂച്ച...

തലയില്‍ നിലാവിന്റെ സ്വപ്നങ്ങളേറ്റിയീ
വഴിയില്‍ ഒരേയൊരു പൂച്ച..
ഒരു *പോമെറേനിയന്‍ പൂച്ച.!

കടലിന്നിരമ്പം .. കുടലിന്നിരമ്പം ..
കഥ മാറ്റിയെഴുതുന്ന കവി തന്റെ നോവ്..
ഒരു വെടിയൊച്ച.. ഒരു കിളിയൊച്ച..
എരിവേറി നിറയുന്ന കണ്ണീര്‍ക്കണങ്ങള്‍ ..

ചിരിക്കാത്ത പൂച്ചകള്‍ ചിലക്കാന്‍ തുടങ്ങീ..
ചിലപ്പിന്റെയുള്ളില്‍ വെറുപ്പിന്റെ സാമ്പിള്‍ ..
ചിരിക്കുന്നുവോ മ്യാവൂ.. ധിക്കാരി മ്യാവൂ...
നമുക്കിതു മ്യാവൂ...സഹിക്കില്ല മ്യാവൂ...

ചിരിയല്ല കാര്യം.. കളിയല്ല കാര്യം...
ഇതു വര്‍ഗ്ഗ ബോധം .. പ്രതി പരിഹാസം..
കടലിന്റെ ചാരേ.. കവി പാടി നിന്നൂ..
എരിവെറിയല്ലോ.. കിളി ഫ്രൈക്കു പൊന്നേ...

കടല്‍ക്കാക്കകള്‍ പാടി.. കോറസ്സുയര്‍ന്നൂ..
"കടല്‍ക്കാക്ക ഫ്രൈക്കെന്നുമെരിവാണു ബെസ്റ്റ്.."
എരിവെന്റെയാത്മാവിനെരിവെന്റെ മാംസത്തി-
നറിയുന്നതില്ല അതുമെന്റെ രസന...

ചിരി മാറി മെല്ലെ.. വഴി മാറി പൂച്ച..
അറിവെന്റെയെന്നാല്‍ ചിരിയല്ല നേര്..
തലയില്‍ വെളിച്ചം ബ്ലാങ്കറ്റ് മൂടി..
ഒഴിവായി പൂച്ച.. ഇനി കട്ടു തീറ്റ..

അതി കാലെ വീട്ടില്‍ അമ്മച്ചി പ്രാകി..
"കഴുവേറി പൂച്ച.. കലമൊന്നു പൊട്ടി.."
അതി കാലെ റോഡില്‍ ഒരു ജാഥയെത്തി..
"എവിടെ ധിക്കാരി..? ചിരി കാണ്മതില്ല...!"

അതി കാലെ കടലിന്റെ അരികത്തു യോഗം..
"ഇനി രക്തസാക്ഷി ഞാന്‍ .. എവിടെന്റെ പാത്രം .."
അതി കാലെ.. വീണ്ടും വഴിയോരമൊന്നില്‍
ഉറങ്ങുന്നു പൂച്ച.. ഒരു നല്ല പൂച്ച...

ps: "പൂച്ച നല്ല പൂച്ച.. വൃത്തിയുള്ള പൂച്ച... പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു...!!!"

*പ്ലീസ് നോട്ട്: പോമറേനിയന്‍ പൂച്ച എന്നെഴുതിയതു ഒരു പ്രാസത്തിനാണ്.. ആക്ച്വലി ചെഷയര്‍ പൂച്ച എന്നാണു കവി ഉദ്ദേശിക്കുന്നത്.

എന്ന് അന്യഗ്രഹ ജീവിയെങ്കിലും ആത്മാഭിമാനമുള്ള പൊന്നപ്പന്‍!

4 comments:

Ambi said...

ബ്ലൊഗില്‍ തെറിയെഴുതിയാല്‍ ബൂലോകമുതലാളിമാര് എന്നെ ചെവിക്കു തൂക്കിപ്പിടിച്ച് ഒടേലെറിയുമെന്നുള്ളതു കൊണ്ടും,എന്റെ ആരോഗ്യം ഇപ്പം ശകലം മോശമായതു കൊണ്ടും ഞാന്‍ പറയാനുള്ളത് നേരില്‍ പറയാം.മോനേ പൊ...ന്ന...പ്പാ.....
കവിതയൊക്കെ അത്യുഗ്രന്‍..മേലാല്‍ ആവര്‍ത്തിക്കരുത്....
‘‘തലയില്‍ ഒരിച്ചിരി വെളിച്ചം നിറച്ചെന്റെ
വഴിയില്‍ നടക്കുന്നു പൂച്ച..
ചിരിക്കുന്ന പൂച്ച.. ചിലക്കാത്ത പൂച്ച..
ഒരാകാശമുള്ളില്‍ ചുമക്കുന്ന പൂച്ച...“
“കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി
മാരാര് പണ്ടൊരു ചെണ്ട..
കോലോണ്ട് തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തഴമ്പുള്ള ചെണ്ട...“
എന്റമ്മേ നല്ല ഒന്നന്തരം മോഷണം..നീയാരാ കലാഭവന്‍ യൂസഫലി മണിയോ...
നിനക്കെന്താടാ കുറേ നാളായി വെളിച്ചതിനോടൊരു പിടി..തവള വെളിച്ചം കുടിക്കുന്നു...പൂച്ചയ്ക്കു വെളിച്ചം തലയില്....അതേ അതേ ....തലയിലാ വെളിച്ചം..നിലാവെളിച്ചം.
NB:(ഡിസ്ക്ലൈമെര്‍ര്‍) ..ഈ കവിത എനിക്ക് മറിച്ചു വില്‍ക്കാത്തതിലുള്ള ദേഷ്യം കാരണമോ, മറുപടിക്കൊരു കവിതയെഴുതാനുള്ള ചങ്കുറപ്പ് എനിക്കില്ലാത്തതിനാലോ അല്ല ഈ കമെന്റ്സ് എന്നു ഞാ‍ന്‍ എതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു...
കവിത എത്ര വേണേലും ഞാനെഴുതും...പിന്നെ പൊന്നപ്പനും, പുത്തഞ്ചേരിയും, ബീയാര്‍ പ്രസാദുമൊക്കെ ജീവിച്ചു പോട്ടെ എന്നു കരുതിയാ....
നെനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ.........

പൊന്നപ്പന്‍ - the Alien said...

അംബീ,

"ചിരിക്കാത്ത പൂച്ചകള്‍ ചിലക്കാന്‍ തുടങ്ങീ..
ചിലപ്പിന്റെയുള്ളില്‍ വെറുപ്പിന്റെ സാമ്പിള്‍ ..
ചിരിക്കുന്നുവോ മ്യാവൂ.. ധിക്കാരി മ്യാവൂ...
നമുക്കിതു മ്യാവൂ...സഹിക്കില്ല മ്യാവൂ... "

വല്ലതും കത്തിയോ..|?
ഹൊ! എന്തു ദീര്‍ഘ വീക്ഷണമാണല്ലേ കവിക്ക്..! :)

സാരമില്ല അംബീ, അടുത്ത കവിത എന്തായാലും കത്രീന അറിയാതെ ഞാന്‍ അടിച്ചു മാറ്റി തരാം . പക്ഷെ പുതുക്കിയ റേറ്റ് ആയിരിക്കും .

Ambi said...

വേണ്ടെടാ,വേണ്ടാ...കൈവളരുന്നോ, കാല്‍ വളരുന്നൊ എന്നൊക്കെ നോക്കി വളര്‍ത്തിയ ബ്ലൊഗുട്ടന് ഒരു ഹൊര്‍ളിക്സ് ആയിക്കൊട്ട് എന്ന് കരുതിയാ ഇല്ലാത്ത കാശ് തന്ന് ആ കവിത ഞാന്‍ പൊക്കിയത്..ആരും വന്നില്ല..ആരും കണ്ടില്ല..
ആ പാവം ശ്രീജിത്ത് മാത്രം വല്ലപ്പൊഴും അ വഴി വന്ന് ചത്തോ..ഒണ്ടോ എന്നൊക്കെ നോക്കും...
അത് പട്ടിണി കെടന്ന് ചാവാന്‍ പൊവുന്നെടാ..
ഇപ്പം ഒരുമാതിരിയൊള്ള ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങും മറന്നതു മിച്ചം..വേറേ എവിടെങ്കിലും എന്തെങ്കിലും എഴുതിയാല്‍ imgleesh എന്നേ വരുന്നിള്ളേടേ..
ഒരു പണി ഞാന്‍ കണ്ടു വെച്ചിട്ടുണ്ട്..നാലഞ്ചു വിലാസം ഞാന്‍ തന്നെയങ്ങുണ്ടാക്കും..ഞാന്‍ തന്നെ കമ്മന്‍റ്റും...മോനേ...നമ്മളോടാ കളി..
പക്ഷേ എന്തായാലും ഇമ്മാതിരി കവിതകള്‍ ഇനിയും നീ എഴുതിയാ....ദീര്‍ഘവീക്ഷണം ശരിയാവും...

“ഒരു വെടിയൊച്ച , ഒരു കിളിയൊച്ച....
തോക്ക് ഒരെണ്ണം ഞാന്‍ ശെരിയാക്കിയിട്ടുണ്ട്...പക്ഷെ..നിന്റെ കാര്യം

kusruthikkutukka said...

:) ഒരു പുതിയ പൂച്ചയെ കുറിച്ചു ഒരു പുതിയ കവിത....
വായിച്ചപ്പോള്‍ തോന്നിയതു..." തവള ചന്തത്തില്‍ എന്താ പൂച്ചക്കു കാര്യം ....