Friday, January 05, 2007

തിളക്കാതെ പോയ കവിത

കണ്ടു പിടിച്ചു..!!
തിളക്കുന്ന സാമ്പാറാണ്‌ കവിത !
വായനയുടെ രസമുകുളങ്ങളില്‍ ഒരു പൊള്ളല്‍ ഒളിപ്പിച്ച സ്വാദ്!
തികച്ചും ഒതുക്കമുള്ളൊരു കൂട്ട്..
കയ്യടക്കത്തിന്റെ വേവ്.

മിക്കപ്പോഴും എന്റെ കവിതയില്‍ കായമേറും..വല്ലാതെ കയ്ക്കും.
ചിലപ്പോ
ഉപ്പു കൂടി, വിശന്നു വരുന്നവരെ വെള്ളം കുടിപ്പിക്കും.
വല്ലാണ്ടെരിവു കൂടി ലവലേശം സങ്കടമില്ലാതെ കണ്ണീരൊഴുക്കും.
എന്തു പറയാന്‍ !
അളവു പാത്രം വച്ചു തൂക്കിയെടുത്താലും എന്റെ സാമ്പാര്‍ ഇഡ്ഡലി കാണില്ല !

രുചിയേറ്റാനെന്തൊക്കെ നോക്കി..
വ്യാകരണത്തിന്റെ പൊതിയാത്തേങ്ങയരച്ചു..
കലഹത്തിന്റെ കടുകു വറുത്തു..
വിരഹത്തിന്റെ പുളിയും,
തത്തമ്മ-തത്വ കറിവേപ്പിലയും ചേര്‍ത്തു.
നേരം വെളുത്തു കലം നോക്കുമ്പോള്‍..
നിറമുള്ള വെള്ളത്തില്‍ നിറയെ വികാരങ്ങള്‍..
സാമ്പാറു മാത്രമില്ല!

പിന്നെപ്പോഴോ ആരോ പറഞ്ഞു..
വേവു ചേരാന്‍ അടുപ്പു കത്തണമെന്ന് !
തീക്കൊള്ളി അവന്റെ വീട്ടില്‍ നിന്നെടുക്കുമോ?
ധിക്കാരി!

--------------------------------
ആശയം : കത്രീന
ആത്മാവിഷ്ക്കാരം : പൊന്നപ്പന്‍
‍കടപ്പാട് : "ഭൂ"ലോകര്‍

(പൂര്‍ണമായും 50-50 അനുപാതത്തില്‍ കത്രീനയും പൊന്നപ്പനും പറഞ്ഞുണ്ടാക്കിയ സാമ്പാര്‍ ! )